Togetherness has power - as in the saying, "united we stand, divided we fall"...

Monday, January 17, 2011

ഇന്നത്തെ കേരളം

പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കേരളം മദ്യാസക്തിയിലും വാഹനാപകടങ്ങളുടെ എണ്ണത്തിലും ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. പൊതുകടവും ആളോഹരി ബാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധമാണ് വര്‍ധിക്കുന്നത്. അടിച്ചു പൊളിച്ചുള്ള ജീവിതശൈലി ഹരമായി മാറിയിരിക്കുന്നു.

ക്രിമിനല്‍ കേസുകളുടെ എണ്ണവും ഇന്‍ര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണവും മുന്നോട്ട്. പോയ പത്തു വര്‍ഷത്തെ നിലവാരം പരിശോധിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതരീതിയിലും സ്വഭാവത്തിലും വന്ന പ്രകടമായ മാറ്റങ്ങള്‍ ആരെയും അമ്പരപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞുവെങ്കിലും റബറിനും ഏലത്തിനും ലഭിക്കുന്ന ഉയര്‍ന്ന വിലയും വിദേശരാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്കുമാണ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്.

ഇടത്തട്ടുകാര്‍ മുതല്‍ മുകളിലേക്കുള്ള കുടുംബങ്ങളില്‍ നിന്നും ഒരംഗമെങ്കിലും വിദേശത്തു ജോലി നേടിപ്പോകുന്ന സ്ഥിതിയിലാണ് ഇന്നു കാര്യങ്ങള്‍. സഹോദങ്ങളും മാതാപിതാക്കളുമുള്‍പ്പെടെ കുടുബം മുഴുവന്‍ വിദേശത്തേയ്ക്ക് കുടിയേറുന്ന കാഴ്ചകളും നിരവധി. ചിലയിടങ്ങളില്‍ വൃദ്ധമാതാപിതാക്കള്‍ മാത്രമാണ് ഭവനങ്ങളില്‍ അവശേഷിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് നേരെയുള്ള അക്രമങ്ങളും സമീപകാലത്ത് വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന ദമ്പതികളെ അക്രമിച്ച് പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കേരളത്തില്‍ പേരിനു പോലും തൊഴിലാളിവര്‍ഗം അവശേഷിക്കാത്ത കാലമാണിത്. സംഘടിതമേഖലയില്‍ അത്യാവശ്യത്തിനു തൊഴിലാളികളെ ലഭിക്കുന്നുണ്ടെങ്കിലും കെട്ടിടനിര്‍മാണമുള്‍പ്പെടെയുള്ള പൊതുധാരയില്‍ തൊഴിലാളികളായി എത്തുന്നവര്‍ മുഴുവനും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ മികച്ചതൊഴിലവസരങ്ങള്‍ക്കും ശമ്പളത്തിനുമായി എണ്‍പതുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തുടങ്ങിയ കുടിയേറ്റത്തിനു സമാനമാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക്. കുറ്റകൃത്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും അളവില്‍ വന്ന മാറ്റങ്ങളും ഈ ഉത്തരേന്ത്യന്‍ അധിനിവേശത്തിന്റെ തുടര്‍ഫലമാകുന്നു.

വിദേശത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളിലൂടെ വാഹനമോടിച്ച ശേഷം നാട്ടില്‍ അവധിക്കെത്തുമ്പോള്‍ ഇവിടുത്തെ നിരത്തുകളിലൂടെ വാഹനവുമായി നീങ്ങാന്‍ വിദേശ മലയാളികള്‍ നന്നേ ക്ലേശിക്കും. മോശപ്പെട്ടതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകള്‍ക്ക് പുറമെ കൃത്യമായ ട്രാഫിക് നിയമങ്ങളോ അവ ലവലേശം പാലിക്കുകയോ ചെയ്യാത്ത ഒരു തലമുറയും വാഹന സംസ്‌ക്കാരവുമാണ് കേരളത്തില്‍. സംസ്ഥാനത്ത് 2001ല്‍ സംഭവിച്ച വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 2674 ആണെങ്കില്‍ 2010ല്‍ അത് 3260 ആയി ഉയര്‍ന്നു. അതു പോലെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2001ല്‍ ഇത് 103847 ആയിരുന്നത് 2009ല്‍ 118369 ആയി ഉയര്‍ന്നു.

നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമായെങ്കിലും വാഹനപരിശോധന മുട്ടിനു മുട്ടിനു നടക്കുന്നുണ്ടെങ്കിലും വാഹനമോഷണത്തിന്റെ തോതും ഗണ്യമായി സംസ്ഥാനത്ത് വര്‍ധിച്ചു കഴിഞ്ഞു. 2001ല്‍ 1795 വാഹനമോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2009ല്‍ അത് 2029 ആയി ഉയര്‍ന്നു. വാഹനപ്പെരുപ്പമാണ് സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊരു പ്രശ്‌നം. കൊലയാളി വാഹനമെന്നു പേരെടുത്ത ടിപ്പര്‍ ലോറികളുടെ എണ്ണത്തില്‍ പോയ പത്തുവര്‍ഷം കൊണ്ട് എട്ട് ഇരട്ടിയിലേറെ വര്‍ധനയാണ് സംഭവിച്ചിരിക്കുന്നത്. 2001ല്‍ 5096 ടിപ്പര്‍ ലോറികള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്നത് 41,640 ആയി ഉയര്‍ന്നിരിക്കുന്നു. മറ്റ് വാഹനങ്ങളുടെ പെരുപ്പത്തിലും സമാനഗതി തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.

2001ല്‍ 542076 ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 1061070 ആയും സ്വകാര്യവാഹനങ്ങള്‍ 1599599 ആയിരുന്നത് 4319330 ആയും ഉയര്‍ന്നിരിക്കുന്നു. പത്ത് കൊല്ലം കൊണ്ട് സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണത്തില്‍ 32 ലക്ഷത്തിന്റെ പെരുപ്പമാണ് ഉണ്ടായിരിക്കുന്നത്. മദ്യആസക്തിയില്‍ ഇന്നു രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 2001ല്‍ 1338.26 കോടിയായിരുന്നുവെങ്കില്‍ ഇന്നത് 5539.85 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 88.24 ലക്ഷം കെയ്‌സ് ബിയറാണ് ഒരു വര്‍ഷം മലയാളികള്‍ കേരളത്തില്‍ കുടിച്ചു തീര്‍ക്കുന്നത്. വിദേശമദ്യമാകട്ടെ 188.05 ലക്ഷം കെയ്‌സും സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നികുതിപ്പണത്തില്‍ ഗണ്യമായ പങ്കും മദ്യം വിറ്റുണ്ടാക്കുന്നതാണ്. 2001ല്‍ 1023.18 കോടിയായിരുന്നത് ഇന്ന് 4260.27 കോടിയായി ഉയര്‍ന്നു. മദ്യം വിറ്റ് കിട്ടുന്ന പണം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടങ്ങളും ശമ്പളവും കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് സര്‍ക്കാരിനുള്ളത് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന പൊതുകടം 23919 കോടിയില്‍ നിന്നും 71748 കോടിയായി വര്‍ധിച്ചു. ആളോഹരി കടമാകട്ടെ 2001ല്‍ 7973 രൂപയായിരുന്നത് ഇന്ന് 23916 രൂപയാണ്. ജനസംഖ്യാനുപാതികമായി തയാറാക്കിയ കണക്കാണിത്.

കടം ഇങ്ങനെ പെരുകുകയാണെങ്കിലും സര്‍ക്കാരിനും ജനങ്ങള്‍ക്കും സുഖലോലുപതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിനു തെളിവാണ് കോഴിയിറച്ചിയുടെ ഉയര്‍ന്ന വില്‍പനയും മൊബൈല്‍- ഇന്‍ര്‍നെറ്റ് ഉപയോഗത്തിലെ ഉയര്‍ച്ചയും. 2001ല്‍ സംസ്ഥാനത്ത് ആകെ ഉപയോഗിക്കുന്ന ഇറച്ചിയുടെ 10 ശതമാനമേ കോഴിയിറച്ചി ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത് 37 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഇതിനു തക്ക വളര്‍ച്ച മറ്റു ഭക്ഷ്യവസ്തുക്കളുടെ സ്ഥാനത്തും ഉണ്ട്. 10,000 ഇന്‍ര്‍നെറ്റ് വരിക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2010ല്‍ ഇവരുടെ എണ്ണം സംസ്ഥാനത്ത് 50 ലക്ഷം പിന്നിട്ടു കഴിഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും കാണാം ഈ വര്‍ധന. ഒരു വീട്ടില്‍ ഒന്നിലധികം കാര്‍ എന്നതു പോലെ കുടുംബാംഗങ്ങള്‍ക്കെല്ലാം മൊബൈല്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കിലും മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കോടികള്‍ തന്നെയാണ് മലയാളികള്‍ ഓരോ ദിവസവും വിനിയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. 2001ല്‍ കേവലം 1,43,000 മാത്രമായിരുന്ന മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഇന്ന് സംസ്ഥാനത്ത് രണ്ടേകാല്‍ കോടി വരും. ജനസംഖ്യയില്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ ഏകദേശം മുഴുവന്‍ ആളുകളുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു സാരം.

സുഖലോലുപതയില്‍ ലയിച്ചും കടം വാങ്ങിയും മുന്നോട്ടു പോകുന്നതാണ് കേരളത്തിന്റെ പൊതുവായ ജീവിതശൈലിയെന്നു പറയാം. വിദ്യകൊണ്ട് സമ്പന്നരെന്നു സമര്‍ത്ഥിക്കുമ്പോഴും സമ്പാദ്യത്തിന്റെ കാര്യത്തില്‍ കുചേല തുല്യരാണ് മലയാളികള്‍. കിട്ടുന്നതില്‍ ഭൂരിഭാഗവും പലവഴിക്കായി ചെലവാക്കി കളയുന്നു. അതിനൊപ്പം തൊഴിലെടുക്കാനുള്ള മടിയും മലയാളികളില്‍ വര്‍ധിച്ചു വരികയാണ്.

പുതിയ നൂറ്റാണ്ടിലെ ആദ്യ പത്തു വര്‍ഷങ്ങള്‍ നല്‍കുന്ന ചിത്രവും കണക്കുകളും പരിശോധിച്ചാല്‍ മലയാളിയുടെ പോക്ക് തീര്‍ത്തും തെറ്റായ ദിശയില്‍ തന്നെയാണെന്ന് മനസിലാകും. ആഗോളമലയാളികളായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളീയര്‍ക്ക് തെല്ലും അഭിമാനത്തിനു വക നല്‍കുന്നില്ല നാട്ടിലെ കാര്യങ്ങള്‍.

Economic Highlights 2011

US unemployment rate declined to 9.4 percent in December from 9.8 percent in November.
Employment may take 4-5 years to get back to normal levels – Ben Bernanke.
India’s trade deficit shrinked to $2.6 billion from $8.9 billion in November.
Euro zone final Q3 GDP figures report 0.4 percent economic growth.
India’s food inflation rose to18.32 percent in the w/e 25th Dec.
The IMF raises its growth outlook for the Indian economy to 8.8 percent in 2011.
Industrial new orders in the Euro zone increased 1.4 percent in October.